ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിട്ടുണ്ട്.

കാക്കനാട് മാവേലി ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണ് കോട്ടയം സ്വദേശിയായ രാഹുല്‍ മരിച്ചതെന്ന് ആരോപണത്തില്‍ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. അതിനിടെ, കാക്കനാട് മേഖലയില്‍ ലൈസന്‍സ് ഇല്ലാതെ നിരവധി ഭക്ഷ്യ വില്പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരവും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിക്കുന്നുണ്ട്.

അതേസമയം, കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടര്‍ അറിയിച്ചു. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവരണം.

രാഹുലിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍ പറയുന്നത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികില്‍സിച്ചത്. അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായി. മരണം സ്ഥിരീകരിച്ചത് ഉച്ച കഴിഞ്ഞ് 2.55ഓടെയാമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

കോട്ടയം സ്വദേശിയാണ് മരിച്ച രാഹുല്‍ ഡി നായര്‍. രാഹുലിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കള്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. ഡോക്ടറോട് യുവാവ് നല്‍കിയ മൊഴിപ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞിരുന്നു. യുവാവിന്റെ പരാതിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

Top