ഭക്ഷ്യവിഷബാധ; കോട്ടയത്ത് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. കിളിരൂർ സ്വദേശി രശ്മി(33) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ നഴ്സിന്റെ മരണകാരണം വ്യക്തമാകൂവെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രണ്ടു ദിവസം മുൻപ് ആണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യനില വഷളായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മെഡിക്കൽ കോളേജിൽ നഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു രശ്മി.

ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു. വയറിളക്കവും ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിനെതിരെ നടപടിയെടുത്തത്.

Top