കോട്ടയത്തെ ഭക്ഷ്യവിഷബാധ; ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ നടപടിയുമായി കോട്ടയം നഗരസഭ. നഗരസഭ ഹെൽത്ത് സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയതിലാണ് നടപടി.

ഹോട്ടലിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. അന്ന് ഹോട്ടലിനെതിരെ നിസാര നടപടികൾ മാത്രം സ്വീകരിച്ച് വീണ്ടും പ്രവർത്തിക്കാൻ അനുമതി നൽകി എന്നതാണ് ഹെൽത്ത് സൂപ്പർവൈസർക്കെതിരെയുള്ള ആക്ഷേപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്കെതിരെ നടപടി സ്വീകരിച്ചത്.

രശ്മി രാജ് മരിച്ചത് ആന്തരികാവയവങ്ങളിലുണ്ടായ അണുബാധമൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരൾ, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളിൽ കടുത്ത അണുബാധയുണ്ടായി. അതേസമയം, ഏതുതരത്തിലുള്ള അണുബാധയെന്ന് കണ്ടെത്താൻ രാസപരിശോധനാ ഫലം ലഭിക്കണം. ഭക്ഷ്യവിഷബാധമൂലമാണോ മരണം എന്ന് രാസപരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.

കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് (മലബാർ കുഴിമന്തി) ഹോട്ടലിൽനിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നായിരുന്നു രോഗബാധ.ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം.

Top