ഭക്ഷ്യവിഷബാധ; വയനാട്ടില്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ച 15ഓളം പേര്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ മുസല്ല റെസ്റ്റോറന്റില്‍ നിന്നും ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരുന്നതായി പറയുന്നു. വീട്ടിലെത്തി രാത്രിയോടെ ഛര്‍ദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയില്‍ ഉന്നയിച്ച റെസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.

Top