സ്കൂളുകളിലെ ഉച്ചഭക്ഷണ കാര്യത്തിൽ അമ്മമാരും ഇടപെടണമെന്ന് ഭക്ഷ്യമന്ത്രി

കോഴിക്കോട്: സ്കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണ കാര്യത്തിൽ അമ്മമാരും ഇടപെടണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനപ്രതിനിധികൾ സ്കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും വിലയിരുത്തുകയും വേണം. സിൽവിൽ സപ്ലൈസ് നൽകുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കും . കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്കൂളിലെ പാചകപ്പുര സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കാനായി മന്ത്രിമാർ ഇന്ന് സ്‌കൂളുകളിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കോഴിക്കോടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തുമാണ് സന്ദർശനം നടത്തുക. ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമാകും രണ്ട് മന്ത്രിമാരും ഭക്ഷണം കഴിക്കുക.

സ്കൂളുകളിലെ ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് മന്ത്രിമാർ സ്കൂളുകൾ സന്ദർശിക്കുന്നത്. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികൾക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സംയുക്തമായ പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.

Top