ഭാരത് റൈസിനെതിരായ വിമര്‍ശനങ്ങളില്‍ ജാള്യത മറയ്ക്കാനാണ് ആരോപണം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കെ റൈസില്‍ അഴിമതിയെന്ന പി കെ കൃഷ്ണദാസിന്റെ ആരോപണം തള്ളി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് സുതാര്യമെന്ന് മന്ത്രി പറഞ്ഞു. ഭാരത് റൈസിനെതിരായ വിമര്‍ശനങ്ങളില്‍ ജാള്യത മറയ്ക്കാനാണ് ആരോപണമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കെ-റൈസ് അഴിമതിക്ക് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞിരുന്നു. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

തെലങ്കാനയില്‍ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ തെലങ്കാനയില്‍ നിന്നല്ല മരിയന്‍ സ്‌പൈസസ് എന്ന കൊച്ചി കമ്പനിയില്‍ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാര്‍ക്കറ്റില്‍ വില കുറഞ്ഞ കര്‍ണാടക ജയ അരിയാണ് ഇത്.

40.15 രൂപയ്ക്ക് നമ്മുടെ സര്‍ക്കാര്‍ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കര്‍ണാടക മാര്‍ക്കറ്റിലെ വില. വിജിലന്‍സ് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. നഞ്ചു വാങ്ങാന്‍ പോലും ഗതിയില്ലാത്ത സര്‍ക്കാര്‍ കര്‍ണാടക മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയിരുന്നെങ്കില്‍ ഇതിലും കുറവ് പണത്തിന് ലഭിക്കുമായിരുന്നു.

നിലവിലെ നിയമം അനുസരിച്ച് കരാറില്‍ 3 പേര്‍ എങ്കിലും പങ്കെടുക്കണം. എന്നാല്‍ ഇവിടെ അതുണ്ടായില്ല. സിപിഐഎം- സിപിഐ സംയുക്ത അരി കുംഭകോണമാണിത്. അതുകൊണ്ട് കെ-റൈസ് കരാര്‍ അടിയന്തരമായി റദ്ദ് ചെയ്യണം. സമഗ്രമായ അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Top