കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: കുട്ടനാട്ടില്‍ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിആര്‍എസ് വായ്പയുടെ തിരിച്ചടവിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. കര്‍ഷകന് മറ്റ് വായ്പകള്‍ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് നിശ്ചയിച്ചിട്ടില്ല. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്‌സിഡി സാധനങ്ങള്‍ക്ക് നിലവില്‍ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി വിശദമാക്കി.

കടബാധ്യതയെ തുടര്‍ന്നാണ് തകഴി സ്വദേശി പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് പറയുന്നു. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

Top