മാവേലിസ്റ്റോറുകളില്‍ സാധങ്ങളില്ലാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങളില്ല. തുവരപ്പരിപ്പ്, ഉഴുന്ന്, പഞ്ചസാര തുടങ്ങിയവ സ്റ്റോറുകളില്‍ ഇല്ല. വിപണിയില്‍ ഈ ഇനങ്ങള്‍ക്ക് തീവിലയാണ്. തുവരപ്പരിപ്പിന് കിലോയ്ക്ക് 180മുതല്‍ 200രൂപ വരെയാണ് വില. ഉഴുന്നിന് വില 160രൂപ വരെയാണ്. മാവേലി സ്റ്റോറുകളില്‍ ഇവ കിട്ടാനില്ലാത്തത് വിലവര്‍ധനയില്‍ വലഞ്ഞിരിക്കുന്ന പൊതുജനത്തിന് ഇരുട്ടടിയാകുകയാണ്.

അതേസമയം, സപ്ലൈക്കോയില്‍ സാധനങ്ങള്‍ക്ക് വില കൂട്ടാന്‍ ആലോചനയില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. സബ്സിഡി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കച്ചവടത്തിലെ ചില പ്രതിസന്ധികള്‍ സപ്ലൈകോ അറിയിച്ചിരുന്നു. സബ്സിഡി കുറയ്ക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. മറ്റു പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മാവേലിസ്റ്റോറുകളില്‍ സാധങ്ങളില്ലാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. സപ്ലൈകോയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പ്രതിസന്ധി സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിപണി വിലയേക്കാള്‍ ടെന്‍ഡര്‍ തുക വരുന്നതും തടസമാണ്. പരിഹാര നടപടികള്‍ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

 

 

Top