സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ കിറ്റുകള്‍ കൊടുത്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 18-45 വയസ് വരെയുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ല. മറ്റു രോഗമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോകുന്ന വാര്‍ഡുതല സമിതിയിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ വേളയില്‍ വാര്‍ഡുതല സമിതിക്കാര്‍ക്ക് രോഗികളുടെ വീടുകളില്‍ പേകേണ്ടതിനാല്‍ വാര്‍ഡുകളില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴുള്ള പ്രയാസം പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധപ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Top