റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യ ധാന്യം അനുവദിച്ചു

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്നതിന് 8071 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍. 7540 മെട്രിക് ടണ്‍ അരിയും 531 മെട്രിക് ടണ്‍ ഗോതമ്ബുമാണ് അനുവദിച്ചിട്ടുള്ളത്. സാധാരണ വിതരണം ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള 3413 മെട്രിക് ടണ്‍ അരിക്ക് പുറമേ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അനുവദിച്ച 4127 മെട്രിക് ടണ്‍ അരി കൂടി ചേര്‍ത്താണ് 7540 മെട്രിക് ടണ്‍ നല്‍കിയിട്ടുള്ളത്.

എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് (മഞ്ഞ) കാര്‍ഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്ബും സൗജന്യമായി ലഭിക്കും. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും.

മുന്‍ഗണനാ ഇതര സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (നീല കാര്‍ഡ്) ഓരോ അംഗത്തിനും മൂന്നു രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും മുന്‍ഗണനാ ഇതര നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് നാല് കിലോഗ്രാം അരി 9.90 രൂപയ്ക്ക് ലഭിക്കും.

നീല കാര്‍ഡ് ഉടമകള്‍ക്കും വെള്ള കാര്‍ഡ് ഉടമകള്‍ക്കും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് മൂന്ന് കിലോഗ്രാം ആട്ട 16 രൂപ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് നാല് ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 31 രൂപ നിരക്കില്‍ ലഭിക്കും.

Top