സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും. വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതൽ അറിയിക്കും. ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് സംസാരിച്ചതായാണ് റിപ്പോർട്ട്.
ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമനങ്ങൾ മെറ്റാ ഇതിനു മുൻപ് തന്നെ കുറച്ചിരുന്നു. 2023-ൽ ആളുകളുടെ എണ്ണം ഈ വർഷത്തെ അപേക്ഷിച്ച് വളരെയധികം കുറയുമെന്ന് മെറ്റാ സിഇഒ പറഞ്ഞു.
നിലവിൽ 87,000-ത്തിലധികം ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും പത്ത് ശതമാനത്തോളം ആളുകളെ ഉടനെ പിരിച്ചുവിട്ടേക്കും. 2004-ൽ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കൽ നടപടിയാണ് ഇത്. ഡിജിറ്റൽ പരസ്യ വരുമാനത്തിലെ കുത്തനെയുള്ള ഇടിവ് മെറ്റയെ തളർത്തിയിട്ടുണ്ട്.
കമ്പനിയുടെ ആദ്യ 18 വർഷങ്ങളിൽ അടിസ്ഥാനപരമായി വേഗത്തിൽ വളർന്നു, എന്നാൽ ഈ വർഷം ആദ്യമായി വരുമാനം കുത്തനെ ഇടിഞ്ഞു. അതിനാൽ ചെലവ് ചുരുക്കാൻ കമ്പനി നിർബന്ധിതരായി എന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്ന് മെറ്റാ വ്യക്തമാക്കുന്നു. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തിയിട്ടുണ്ട്.
ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാൻ മെറ്റാ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. ജീവനക്കാരെ പിരിച്ചുവിടുന്നത് അതിൽ ഒരു മാർഗം മാത്രമായിരിക്കും.