സുപ്രീംകോടതി ഉത്തരവിന് പിന്നാലെ, കെജരിവാളും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഡല്‍ഹിയില്‍ അധികാരമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് മൂവരും കൂടിക്കാഴ്ച നടത്തുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിനുള്ള അനുമതി ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

അധികാരം സര്‍ക്കാരിനല്ല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പഴയ ഉത്തരവ് നിലനില്‍ക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരായി സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങവേയാണ് ലെഫ്റ്റനന്റ് ഗവര്‍ണറുമായി സര്‍ക്കാര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഇതിനെ തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കുകയായിരുന്നു.

അതേസമയം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കുമെന്ന ഉത്തരവിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് കനക്കുകയാണ്‌.

സര്‍ക്കാരിന് ലഫ്റ്റനന്റ് ഗവര്‍ണറെക്കാള്‍ പ്രാധാന്യമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉത്തരവ്.

എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചു സേവന വകുപ്പു സെക്രട്ടറി മടക്കിയതാണു പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണം. സുപ്രീം കോടതി വിധി സേവന വകുപ്പിന് ബാധകമല്ലെന്നു കാണിച്ചാണ് ഉത്തരവ് മടക്കിയത്.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ലഫ്. ഗവര്‍ണറിനായിരിക്കുമെന്ന 2015 മേയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു കോടതി റദ്ദാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ വിധി വരാതെ സര്‍ക്കാര്‍ തോക്കില്‍ കയറി വെടിവയ്ക്കരുതെന്നും അദ്ദേഹം ഉപമുഖ്യന്ത്രിക്ക് അയച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം, ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്നു മനീഷ് സിസോദിയ അറിയിച്ചു. കോടതി ഉത്തരവു പ്രകാരം ക്രമസമാധാന പരിപാലനം ഒഴിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുള്ള പരിപൂര്‍ണ അധികാരം സര്‍ക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു തന്നെ അന്തിമ വിധി വരാതെ ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റരുതെന്നാണോ ഈ നിലപാട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top