രണ്ട് സ്വീഡിഷ് ഫുട്ബോള്‍ ആരാധകര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന്; യൂറോ യോഗ്യതാ മത്സരം ഉപേക്ഷിച്ചു

ബ്രസെല്‍സ് : തിങ്കളാഴ്ച ബ്രസെല്‍സില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സ്വീഡിഷ് ഫുട്ബോള്‍ ആരാധകര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ബെല്‍ജിയവും സ്വീഡനും തമ്മില്‍ നടന്ന യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ആദ്യ പകുതി പിന്നിട്ട ശേഷമാണ് മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വന്നത്.

മത്സരം നടന്ന കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ബോലെവാര്‍ഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വീഡന്റെ ഫുട്ബോള്‍ ജേഴ്സി ധരിച്ചിരുന്ന രണ്ട് പേരാണ് വെടിയേറ്റ് മരിച്ചതെന്ന് ഡച്ച് മാധ്യമമായ ഹെറ്റ് ലാറ്റ്‌സ്റ്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അറിയിച്ചു.

ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തെ തുടര്‍ന്ന് ഇരു ടീമുകളുമായും പ്രാദേശിക പോലീസ് അധികാരികളുമായും കൂടിയാലോചിച്ചതിന് ശേഷം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള യുവേഫ യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി യുവേഫ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.

 

 

Top