പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവം; നാടന്‍ പാട്ട് കലാകാരന്‍ അറസ്റ്റില്‍

എറണാകുളം: പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ നാടന്‍ പാട്ട് കലാകാരനെ പൊലീസ് അറസ്റ്റു ചെയ്തു. നായത്തോട് പതിക്കല്‍ക്കുടി വീട്ടില്‍ രതീഷിനെയാണ് (40) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിള്‍ പഞ്ചറൊട്ടിക്കാന്‍ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തിയിരുന്നു.

പെണ്‍കുട്ടിയോട് ടയറിന് കാറ്റടിക്കാന്‍ ആവശ്യപ്പെടുകയും വസ്ത്രത്തിന്റെ താഴ്ഭാഗത്ത് ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. എന്നാല്‍ ഇത് മനസ്സിലാക്കി പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങി ഓടി രക്ഷപെട്ട് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ ഫോണ്‍ ഉള്‍പ്പടെ പൊലീസിന് പരാതി നല്‍കിയതോടെയാണ് പ്രതി കുടുങ്ങിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സമാനമായ പരാതി പ്രതിക്കെതിരെ മുമ്പും ഉയര്‍ന്നതായാണ് ആരോപണമുയരുന്നത്.

നാടന്‍ പാട്ട് കലാരംഗത്ത് സജീവമായിരുന്ന പ്രതി ഇപ്പോള്‍ സൈക്കിള്‍ റിപ്പയറിങ് ജോലി തുടങ്ങിയിരുന്നു. ഇതിനകം ഇയാള്‍ നിരവധി ചാനല്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

 

Top