വിദേശയാത്ര വേണ്ട: സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കാര്‍ത്തിയോട് സുപ്രീം കോടതി

karthi

ന്യൂഡല്‍ഹി : വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരം സ്വന്തം മണ്ഡലമായ തമിഴ്നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ശിവഗംഗയില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് കാര്‍ത്തി ഇക്കുറി വിജയിച്ചത്.

ഈ വര്‍ഷാദ്യം വിദേശയാത്ര നടത്താന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കാര്‍ത്തി ചിദംബരത്തിന് 10 കോടി രൂപയുടെ ജാമ്യത്തില്‍ കോടതി അനുമതി നല്‍കി. പിന്നീട് മെയ് മാസം ആദ്യം യുഎസ് യാത്രാനുമതിക്കായി 10 കോടി രൂപ കൂടി കെട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

താന്‍ ആദ്യം കെട്ടി വെച്ച തുക വായ്പയെടുത്തതാണെന്നും അത് തിരിച്ചടയ്ക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ 10 കോടി രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം വീണ്ടും കോടതിയെ സമീപിച്ചു. ആദ്യം നല്‍കിയ പത്തു കോടി തിരികെ നല്‍കിയാല്‍ ഇത്തവണത്തെ ഗ്യാരന്റി തുക 20 കോടിയാക്കി ഉയര്‍ത്തുമെന്നും കോടതി പറഞ്ഞു.

Top