fm arun jaitley at ficci s 89th annual general meeting

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലമുള്ള പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി. നോട്ട് അസാധുവാക്കല്‍ മൂലം ഇപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ വൈകാതെ തന്നെ ആ പ്രശ്‌നങ്ങളെ നാം മറികടക്കും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടം കൊയ്യുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുണ്‍ ജെയ്റ്റലി പറഞ്ഞ പ്രധാനകാര്യങ്ങള്‍

ലോകത്തെ വളര്‍ന്നു വരുന്ന സാമ്പത്തികശക്തികളെ നാം പരിഗണിച്ചാല്‍ ഇതരരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സജീവമായ സാമ്പത്തികസ്ഥിതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

ജിഎസ്ടി കൗണ്‍സിലിന് നിര്‍ണായകമായ തീരുമാനങ്ങള്‍ ഇനിയും എടുക്കേണ്ടതായിട്ടുണ്ട്. ഒരു അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജിഎസ്ടി നടപ്പാക്കുന്നതില്‍ നിര്‍ണായകമായ പത്തോളം തീരുമാനങ്ങള്‍ ഇതിനോടകം കൗണ്‍സിലില്‍ എടുത്തു.

സംസ്ഥാന നിയമസഭകള്‍ ജിഎസ്ടി ബില്‍ അംഗീകരിക്കേണ്ട നടപടി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. നിയമഭേദഗതികള്‍ പാസ്സാക്കിയെടുക്കുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുമെന്ന് താന്‍ കരുതുന്നില്ല.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം പുതിയൊരു തുടക്കമായാണ് ഞാന്‍ കാണുന്നത്. പുതിയ നോട്ടുകള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുപാട് സമയം വേണ്ടി വരില്ല.

സാങ്കേതികമായി അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ഗുഡ്‌സ് ആന്‍സ് സര്‍വ്വീസ് ടാക്‌സ് രാജ്യത്ത് നടപ്പില്‍ വരും സെപ്തംബര്‍ 16നുള്ളില്‍ നിയമപരമായി ജിഎസ്ടി നടപ്പാക്കുന്നതിനുള്ള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കും.

Top