റഷ്യയുമായി രഹസ്യ ചർച്ച ; യു എസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരൻ

വാഷിംഗ്ടണ്‍: റഷ്യയുമായി രഹസ്യ ചർച്ച നടത്തിയതിൽ അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ കുറ്റക്കാരനെന്ന് കോടതി.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി എന്നതാണ് കുറ്റം.

ട്രംപിന്റെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് ഫ്‌ലിന്‍ ആയിരുന്നു.ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി റഷ്യ രഹസ്യ ഇടപെടല്‍ നടത്തിയെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

ഈ ആരോപണങ്ങൾ സംബന്ധിച്ച നാല് വ്യത്യസ്ത അന്വേഷണങ്ങളാണ് എഫ്ബിഐ നടത്തുന്നത്.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മൈക്കിള്‍ ഫ്‌ലിന്‍ മറച്ചുവച്ചെന്ന് എഫ്ബിഐ കണ്ടെത്തുകയായിരുന്നു.

പ്രസിഡന്റായുള്ള ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് ഫ്‌ലിന്‍ അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതിയായ സെര്‍ജി കിസ്ലെയ്ക്കുമായി ചര്‍ച്ച നടത്തി. ഇരുവരും തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ മറച്ചുവച്ചതാണ് വിവാദമായത്.

കൂടിക്കാഴ്ച്ച തന്റെ അറിവോടെയല്ലായിരുന്നെന്ന് ട്രംപ് പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഫ്‌ലിന്റിന്റെ രാജിയിലും കലാശിച്ചിരുന്നു.

കൂടിക്കാഴ്ച്ച സംബന്ധിച്ച് മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കൈമാറി എന്ന ആരോപണം ഫ്‌ലിന്‍ കോടതിയില്‍ സമ്മതിച്ചു.

Top