കാറ്റില്‍ നിലയില്ലാതെ പറന്നു നടക്കുന്ന മെത്തകള്‍; വൈറലായി വീഡിയോ

കാറ്റില്‍ നിലയില്ലാതെ പറന്നു നടക്കുന്ന മെത്തകളുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊളറാഡോയില്‍ ഡെന്വറില്‍ ഓപ്പണ്‍ എയര്‍ സിനിമാപ്രദര്‍ശനത്തിനായി ഒരുക്കിയ കിടക്കകളാണ് ശക്തമായ കാറ്റടിച്ചതോടെ വായുവിലൂടെ പറപറന്നത്.

ഡസന്‍ കണക്കിന് മെത്തകളുടെ വായുവിലൂടെയുള്ള ഒഴുക്ക് സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു. ഡെന്വര്‍ സ്വദേശി റോബ് മെയ്ന്‍സ് പകര്‍ത്തിയ വീഡിയോ ദ ഗ്രേറ്റ് മാട്രസ് മൈഗ്രേഷന്‍ 2019 എന്ന തലക്കെട്ടോടെയാണ് യുട്യൂബില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കാറ്റില്‍ പൊങ്ങി പറക്കുന്ന മെത്തകളെ പിടിക്കാന്‍ ചിലര്‍ പുറകെ ഓടുന്നതും ചില മെത്തകള്‍ പറന്ന് സ്വിമ്മിങ് പൂളിലേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടത്താനിരുന്ന ഓപ്പണ്‍ എയര്‍ സിനിമാ പ്രദര്‍ശനത്തിനാണ് ഇത്രയും മെത്തകള്‍ ഇവിടെ എത്തിച്ചിരുന്നത്. എന്തായാലും വായുവിലൂടെ പറക്കുന്ന മെത്തകളുടെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.

Top