ദുബായ് നഗരത്തില്‍ പറക്കും മനുഷ്യന്‍; യന്ത്രച്ചിറകില്‍ പറന്ന് സാം റോജര്‍

ദുബൈ: ദുബൈ നഗരത്തെ വിസ്മയിപ്പിച്ച് വീണ്ടും പറക്കും മനുഷ്യന്റെ പ്രകടനം. ഇംഗ്ലണ്ടില്‍നിന്നുള്ള സാം റോജര്‍ എന്ന എന്‍ജിനീയറാണ് യന്ത്രച്ചിറകുകളുമായി പറന്നത്. ഇംഗ്ലണ്ടിലെ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കല്‍ പൈലറ്റും ഡിസൈനറുമാണ് സാം റോജര്‍. ആര്‍.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇദ്ദേഹം ദുബൈയിലെത്തിയത്.

സമ്മേളനം നടക്കുന്ന ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന്റെ പാര്‍ക്കിങ് ലോട്ടില്‍ ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍തായറും നാട്ടുകാരുമൊക്കെ നോക്കിനില്‍ക്കെ സാം റോജര്‍ പറന്നുപൊങ്ങി. ഗ്രാവിറ്റി ഇന്‍ഡസ്ട്രീസില്‍ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ടും റോക്കറ്റ് എന്‍ജിനും മൈകോ ടര്‍ബൈനുമൊക്കെ ഉപയോഗിച്ചാണ് ഇദ്ദേഹം പറക്കും മനുഷ്യനായി അവതരിക്കുന്നത്.

ആര്‍.ടി.എ സംഘടിപ്പിക്കുന്ന സമ്മേളനത്തിനെത്തിയവരെയും രംഗം മൊബൈല്‍ പകര്‍ത്താന്‍ കാത്തുനിന്നവരെയും ആവേശത്തിലാഴ്ത്തി സാം റോജര്‍ പലതവണ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ പരിസരത്ത് പൊങ്ങിയും താണും പറന്നു. ഭാവിയിലെ യാത്രാ സൗകര്യങ്ങളെ കുറിച്ച് നിരന്തരം ഗവേഷണം നടത്തുന്ന ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Top