‘പരാതി നൽകരുത്, കുടുംബമുണ്ട്’: വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചയാൾ കരഞ്ഞു പറഞ്ഞു

ഡൽഹി∙ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി മാപ്പപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. നവംബർ 26ന് ന്യൂയോർക്ക് – ഡൽഹി വിമാനത്തിലാണ് ബിസിനസ് ക്ലാസിൽ യാത്രക്കാരിയുടെ മേൽ മദ്യലഹരിയിലായിരുന്ന വ്യാപാരി ശങ്കർ മിശ്ര മൂത്രമൊഴിച്ചത്.

വിമാനത്തിലുണ്ടായ അതിക്രമം വിവരിച്ച് എയർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരന് പരാതിക്കാരി കത്തെഴുതിയിരുന്നു. എന്നാൽ ജനുവരി നാലിനാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. ഇവർ പരാതി പിൻവലിച്ചതിനാലാണു പൊലീസിനു കൈമാറാതിരുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ശങ്കർ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോൾ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപ്പോർട്ടിൽ‌ പറയുന്നു. പരാതിക്കാരി എയർ ഇന്ത്യയ്ക്കെഴുതിയ കത്ത് എഫ്ഐആറിനൊപ്പം ചേർത്തിട്ടുണ്ട്.

ഇവരുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തിൽ നനഞ്ഞു. പരാതി നൽകിയെങ്കിലും വിമാനത്തിലെ ജീവനക്കാർ ആദ്യം ഇടപെടാൻ കൂട്ടാക്കിയില്ല. പിന്നീട് വേറെ വസ്ത്രം നൽകുകയായിരുന്നു. സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ വേറെ സീറ്റ് ഒഴിവില്ലെന്നും അറിയിച്ചു. വിമാനം ഇറങ്ങുമ്പോൾ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കത്തിൽ പറയുന്നു. അപ്പോൾ, മിശ്രയെ തന്റെ മുഖാമുഖം കൊണ്ടുവന്നിരുത്തിയ ജീവനക്കാർ മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അയാൾ കരയാൻ തുടങ്ങി.

കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്നം ബാധിക്കാൻ ഇടവരുത്തരുതെന്നും പറഞ്ഞു. ആ അവസ്ഥയിൽ എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അയാളുടെ മുഖത്തേക്കു പോലും നോക്കാൻ സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാർ തികച്ചും നിരുത്തരവാദപരമായാണു പെരുമാറിയത്. യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടു. തന്റെ ഫോൺ നമ്പർ ശർമയ്ക്കു കൈമാറിയശേഷം ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈമാറാൻ ആവശ്യപ്പെട്ടുവെന്നും കത്തിൽ പറയുന്നു. കത്തിനെക്കുറിച്ച് എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൻ റിപ്പോർട്ട് തേടിയിരുന്നു.

Top