എക്‌സിക്യുട്ടീവ് എഡിറ്ററെ ‘റാഞ്ചി’ഫ്ലവേഴ്‌സ്, ‘ഉപ്പും മുളകില്‍’ കല്ലുവാരിയിട്ട് ‘റിപ്പോര്‍ട്ടര്‍’

flowers-reporter

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിജയകുമാറിനെ ഫ്‌ലവേഴ്‌സ് ചാനല്‍ ‘റാഞ്ചി’യതിന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മധുരമായ പ്രതികാരമായിരുന്നുവത്രെ ഉപ്പും മുളകും നായിക നിഷാ സാരംഗിന്റെ വെളിപ്പെടുത്തല്‍ പുറം ലോകത്തെ അറിയിച്ചതിനു പിന്നിലെന്ന്..

കഴിഞ്ഞ ഒന്നാം തിയതിയാണ് ഫ്ലവേഴ്‌സ് ചാനലിന്റെ ന്യൂസ് വിഭാഗത്തില്‍ പ്രധാന തസ്തികയില്‍ വിജയകുമാര്‍ നിയമിതനായിരുന്നത്. കഴിഞ്ഞ ജൂലൈ 8 നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ എക്‌സ്‌ക്ലൂസീവായി ‘ഉപ്പും മുളകും’ നായികയുടെ വെളിപ്പെടുത്തല്‍ പുറത്തു വിട്ടത്.

ഫ്ലവേഴ്‌സ് ടിവിയിലെ മാത്രമല്ല മലയാള ടെലിവിഷന്‍ രംഗത്തെ തന്നെ ഏറ്റവും ജനപ്രീതിയുള്ള പരിപാടിയിലെ കേന്ദ്ര കഥാപാത്രത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരുന്നത്.

NISHA

മാനസികമായും ശാരീരികമായും തന്നെ ‘ഉപ്പും മുളകും’ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പീഡിപ്പിച്ചുവെന്നും ഇക്കാര്യം ഫ്ലവേഴ്‌സ് ചാനല്‍ എം.ഡി ശ്രീകണ്ഠന്‍ നായരോട് പറഞ്ഞിട്ടും നടപടി ഒന്നും ഉണ്ടായിരുന്നില്ലെന്ന് അഭിമുഖത്തില്‍ നിഷ സാരംഗ് തുറന്നടിച്ചിരുന്നു. ചാനല്‍ അധികൃതര്‍ ഇടപെട്ട് രഹസ്യമായി പരിഹരിക്കാന്‍ ഉദ്ദേശിച്ച കാര്യമാണ് നിഷയുടെ അഭിമുഖം പുറത്ത് വിട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ തകര്‍ത്തത്.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വനിതാ കമ്മിഷന്‍ സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. വിവരം പൊലീസില്‍ അറിയിക്കാതെ ഇരുന്നതിന് ശ്രീകണ്ഠന്‍ നായര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

സംഭവം പുറത്തായതോടെ വലിയ പ്രതിഷേധമാണ് ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സാധാരണ ഗതിയില്‍ ചാനലുകള്‍ തമ്മില്‍ പാലിക്കുന്ന ‘സാമാന്യ മര്യാദ’ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പാലിച്ചില്ലെന്നതാണ് ഫ്ലവേഴ്‌സ് ചാനല്‍ അധികൃതരുടെ പരാതി.

NIKESH

എന്നാല്‍ നെറികേട് എവിടെ നടന്നാലും പുറത്ത് അറിയിക്കുക എന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ കടമയെന്നും ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ യാഥാര്‍ത്ഥ്യമാണ് ചാനല്‍ പുറത്ത് വിട്ടതെന്നുമാണ് റിപ്പോര്‍ട്ടര്‍ അധികൃതര്‍ അവകാശപ്പെടുന്നത്.

ഇതിനിടെ ‘ഉപ്പും മുളകും’ ഇല്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തുമെന്ന് ഭയന്ന് നിഷയുമായി ഒത്തു തീർപ്പിന് ശ്രമിച്ച ഫ്ലവേഴ്സ് ചാനൽ അധികൃതർ ജനപ്രിയ സീരിയലിൽ ഇനി സംവിധായകൻ ഉണ്ണികൃഷ്ണൻ ഉണ്ടാവില്ലന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രണ്ടു പേരെയും യോജിപ്പിച്ച് കൊണ്ടു പോകാൻ പറ്റുമോ എന്നാണ് ഇപ്പോഴും ശ്രമിക്കുന്നത്. ഉണ്ണികൃഷ്ണൻ സംവിധാന രംഗത്ത് നിന്നും മാറിയാൽ പഴയ രൂപത്തിൽ ആവില്ല ഇതെന്ന കാഴ്ചപ്പാടിലാണ് ഈ നീക്കം.

എന്നാൽ സംവിധായകനെ മാറ്റാതെ താൻ സീരിയലിലേക്ക് ഇല്ലന്ന നിലപാടിൽ നായിക ഉറച്ചു നിൽക്കുകയാണ്. വിവാദത്തിനു പിന്നാലെ ഇപ്പോഴും ‘ചാര’ക്കണ്ണുകളുമായി റിപ്പോർട്ടർ ചാനൽ ഉള്ളത് സന്ധി സംഭാഷണത്തിനും ഫ്ലവേഴ്സ് അധികൃതർക്ക് തിരിച്ചടിയായിട്ടുണ്ട്. തൽക്കാലം ഇപ്പോൾ ഉണ്ണികൃഷ്ണനെ മാറ്റി നിർത്താനും വിവാദം കെട്ടടങ്ങിയാൽ സഹകരിപ്പിക്കാനുമാണ് നീക്കം.

അതേസമയം വിജയകുമാറിനെ ഫ്ലവേഴ്‌സ് തലപ്പത്ത് പ്രതിഷ്ടിച്ചതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരെ പ്രകോപിപ്പിച്ചതെന്ന നിലപാടില്‍ ഫ്ലവേഴ്‌സിലെ ഒരു വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. ഏറെ പ്രതിസന്ധികള്‍ക്കിടയിലും മറ്റുള്ളവര്‍ ചാനല്‍ ഉടമ നികേഷിനെ കൈവിട്ടപ്പോഴും പിടിച്ചു നിന്ന് സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിയ വിജയകുമാറിന്റെ രാജി മാധ്യമ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മൂന്നു മാസത്തെ ശമ്പളമാണ് ചാനല്‍ വിജയകുമാറിന് നല്‍കാനുള്ളതത്രെ.

കടുത്ത പ്രതിസന്ധിയിലായ ചാനലിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് എക്‌സിക്യുട്ടീവ് എഡിറ്ററുടെ രാജി. വന്‍ തുക ഓഫര്‍ നല്‍കി പ്രലോഭിപ്പിച്ചാണ് വിജയകുമാറിനെ ഫ്ലവേഴ്‌സ് ചാനല്‍ അധികൃതര്‍ ‘റാഞ്ചി’യത് എന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതര്‍ കരുതുന്നത്.

റിപ്പോർട്ടർ: എം വിനോദ്Related posts

Back to top