ഓണ വിപണിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് തമിഴ്നാട്ടിലെ പൂ കര്‍ഷകര്‍

ഴിഞ്ഞ തവണ ഓണവിപണിയെ പിടിച്ചുലച്ച് പ്രളയം കടന്നു പോയപ്പോള്‍ തമിഴ്നാട്ടിലെ പൂ കര്‍ഷകരുടെ പ്രതീക്ഷ കൂടിയാണ് ഇല്ലാതായത്. കച്ചവടത്തില്‍ കനത്ത നഷ്ടമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ആ നഷ്ടം നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍.

ഓണ സീസണില്‍ ഏറെ ആവശ്യമുള്ള ബന്തി, കോഴിപ്പൂവ് തുടങ്ങിയവയാണ് ഈ സമയത്ത് കൂടുതലായി കൃഷി ചെയ്യുക. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിലെ വ്യാപാരികള്‍ ഓരോ ദിവസത്തെയും ആവശ്യം അനുസരിച്ച് തലേ ദിവസം പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കും. ഈ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ മാത്രമാണ് വില്‍പ്പനക്കാര്‍ കമ്മിഷന്‍ കര്‍ഷകരില്‍ നിന്ന് പൂക്കള്‍ വാങ്ങുക.

കേരളത്തിലേക്ക് പൂക്കള്‍ എത്തുന്ന പ്രധാന വിപണികളില്‍ ഒന്നായ ശീലയംപെട്ടിയില്‍ 20 കമ്മീഷന്‍ വ്യാപാരികളാണ് വ്യാപാരം നിയന്ത്രിക്കുന്നത്. തേനി ജില്ലയിലെ വീരപാണ്ടിക്കും ചിന്നമന്നൂരിനും ഇടയിലുള്ള 14 ഗ്രാമങ്ങളില്‍ നിന്നുള്ള പൂക്കള്‍ ഈ വിപണിയില്‍ എത്തും. ഇപ്പോള്‍ ശരാശരി 3 ടണ്‍ പൂക്കള്‍ ഈ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ മുല്ലപ്പൂവിനും അരളിക്കും മാത്രമാണ് ഉയര്‍ന്ന വില ലഭിക്കുന്നത്. ചിന്നമന്നൂര്‍ മാര്‍ക്കറ്റില്‍ 500 രൂപയ്ക്കാണ് ഒരു കിലോ മുല്ലപ്പൂവ് വിറ്റുപോയതെന്ന് വ്യാപാരികള്‍ പറഞ്ഞു. പൂക്കളുടെ വില കിലോയ്ക്ക് ഓറഞ്ച് വെന്തി-30, മഞ്ഞ വെന്തി-20, കോഴിപ്പൂവ്-60, ട്യൂബ് റോസ്-120, റോസ്-70 പ്രധാനമായും ഇവയാണ് ഇവിടെ എത്തുന്നത്. മറ്റിനം പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മധുര ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇവ വാങ്ങി ഇടപാടുകാര്‍ക്ക് വ്യാപാരികള്‍ എത്തിച്ചുകൊടുക്കും.

Top