ശബരിമലയില്‍ ഇന്ന് ഭക്തജനങ്ങളുടെ പ്രവാഹം; വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തത് 90000 പേര്‍

പത്തനംതിട്ട: അവധി ദിവസമായതിനാല്‍ ശബരിമലയില്‍ ഇന്ന് ഭക്തജനങ്ങളുടെ പ്രവാഹം. ഇന്ന് 90000 പേരാണ് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ഒരു മണി മുതല്‍ ആറര മണി വരെ 21000 പേര്‍ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. ശബരിമലയില്‍ തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ്. ഇന്നലെ രാത്രി 12 മണി വരെ 84,793 പേര്‍ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയില്‍ തിരക്കായതോടെ സത്രം – പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

ഡിസംബര്‍ എട്ടിന് ശബരിമലയില്‍ ഉണ്ടായത് വന്‍ തിരക്കാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഇന്നലെ വൈകീട്ട് 6 മണി വരെ വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ് . പുല്ലുമേട് വഴി 31935 പേര്‍ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം (ഡിസംബര്‍ എട്ട്) വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 88,744 ആണ്. ഡിസംബര്‍ അഞ്ചിന് 59872 പേരും, ഡിസംബര്‍ ആറിന് 50776 , ഡിസംബര്‍ ഏഴിന് 79424 , ഡിസംബര്‍ ഒന്‍പതിന് 59226 , ഡിസംബര്‍ പത്തിന് 47887 എന്നിങ്ങനെയാണ് വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം. കാനനപാതയായ പുല്‍മേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.

Top