ഇഡാലിയ ചുഴലിക്കാറ്റ് ഭീഷണിയിൽ ഫ്ലോറിഡ

ഫ്ലോറിഡ : ഇഡാലിയ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ഫ്ലോറിഡ. മണിക്കൂറിൽ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയിൽ നിന്ന് നീങ്ങുന്ന ‘ഇഡാലിയ’ ഇന്ന് ഫ്ലോറിഡയിൽ നിലം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെത്തുടർന്ന് ഫ്ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായ ‘ഇഡാലിയ’ ഫ്ലോറിഡയിൽ നിലം തൊട്ടാൽ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ഓഗസ്റ്റ് 28 നാണ് ശക്തി പ്രാപിച്ച് തുടങ്ങിയത്. ഇന്നും നാളെയുമായി കൂടുതൽ ശക്തിയാർജ്ജിച്ച് ഫ്ലോറിഡ തീരത്ത് നിലം തൊട്ടേക്കുമെന്നാണ് പ്രവചനം. പ്രവിശ്യയിലെ വിവിധയിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള കുയാഗ്വാട്ടെജെ നദി തീരത്ത് പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്. ഈ മേഖലയിൽ നിന്ന് വ്യാപകമായി ആളുകളെ ഒഴിപ്പിക്കുയാണ്. ഏത് സാഹചര്യത്തെയും നേരിടാൻ ഫ്ലോറിഡ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സീസണിൽ ഫ്ലോറിഡയെ ബാധിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാകും ഇഡാലിയ. കഴിഞ്ഞ സെപ്തംബറിൽ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. 150 പേരുടെ മരണത്തിനിടയാക്കിയ കാറ്റഗറി 4 കൊടുങ്കാറ്റായ ഇയാൻ ചുഴലിക്കാറ്റിന്റെ കെടുതികൾ ഇപ്പോഴും ഫ്ലോറിഡയിലെ ജനങ്ങൾ അനുഭവിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു ചുഴലിക്കാറ്റ് കൂടി ഫ്ലോറിഡയെ ഭയപ്പെടുത്താനായി എത്തുന്നത്. ഇഡാലിയയെ നേരിടാൻ വലിയ സജ്ജീകരണങ്ങളാണ് ഫ്ലോറിഡ ഭരണകൂടം നടത്തിയിരിക്കുന്നത്. ഇയാൻ കൊടുങ്കാറ്റ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മോചനം നേടുന്നതിനിടെയെത്തുന്ന ചുഴലിക്കാറ്റായതിനാൽ തന്നെ വലിയ തോതിൽ ആളുകളെ മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങളും തുടരുകയാണ്.

Top