ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തല്‍

വാഷിംങ്ടണ്‍: അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട്. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലില്‍ നിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാകും കാറ്റു വീശുകയെന്ന് ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ അറിയിച്ചു.

അതേസമയം വീടുകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റും മഴയും ആരംഭിച്ചതിനു ശേഷം മാറാന്‍ ശ്രമിക്കരുതെന്നും നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു. യുഎസിന്റെ കിഴക്കന്‍ തീരപ്രദേശത്തു നിന്ന് 15 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ക്കും പ്രവചനങ്ങള്‍ക്കും ചെവികൊടുക്കാതെ ഒട്ടേറെപ്പേര്‍ വീടുകളില്‍ തന്നെ തുടരുന്നുണ്ട്.

ഫ്‌ളോറന്‍സിനെ നേരിടാന്‍ യുഎസ് തയാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. നോര്‍ത്ത്, സൗത്ത് കാരലൈനകള്‍, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റുകളുടെ തീവ്രത കുറിക്കുന്ന ഒന്നു മുതല്‍ അഞ്ചു വരെയുള്ള പട്ടികയില്‍ നാലാം വിഭാഗത്തിലായിരുന്നു നേരത്തെ ഫ്‌ളോറന്‍സിനെ ഉള്‍പ്പെടുത്തിയിരുന്നത്.

കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 253 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് അഞ്ചാം കാറ്റഗറിയിലേക്കു മാറാമെന്നും വിലയിരുത്തലുണ്ടായിരുന്നു. 1989നു ശേഷം കാരലൈനയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റുകളുടെ നിരതന്നെ യുഎസ് തീരമേഖലകളില്‍ നാശം വിതച്ചിരുന്നു.

Top