അസമില്‍ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേര്‍ ദുരന്തബാധിതര്‍

അസം: അസമില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകള്‍ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളിലും വിവിധ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഈ വര്‍ഷത്തെ ആദ്യ വെള്ളപ്പൊക്കത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തില്‍ നിലവില്‍ കഴിയുന്നത്. ബിശ്വനാഥ്, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതബാധിതര്‍. വെള്ളപ്പൊക്കത്തില്‍ 23,516 പേര്‍ ദുരിതമനുഭവിക്കുന്ന ലഖിംപൂരിലാണ് ഏറ്റവും കൂടുതല്‍പേര്‍ ബാധിക്കപ്പെട്ടത്.

ദിബ്രുഗഢില്‍ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകള്‍. ലഖിംപൂരില്‍ എട്ട്, ഉദല്‍ഗുരിയില്‍ മൂന്ന് എന്നിങ്ങനെ പതിനൊന്ന് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മൊത്തത്തില്‍, 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടര്‍ വിള പ്രദേശങ്ങള്‍ നശിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. കൂടാതെ ലഖിംപൂരിലും ഉദല്‍ഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകള്‍ തകര്‍ന്നു.

ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗഡ്, ഗോലാഘട്ട്, ജോര്‍ഹട്ട്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, ലഖിംപൂര്‍, മോറിഗാവ്, നാല്‍ബാരി, സോനിത്പൂര്‍, തമുല്‍പൂര്‍, ഉദല്‍ഗുരി ജില്ലകളില്‍ വന്‍തോതിലുള്ള മണ്ണൊലിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Top