പ്രളയത്തിൽപ്പെട്ട കേരളത്തിൽ മാവേലി . . . ! വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

maveli

തൃശൂര്‍: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷം മാറ്റി വെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു തിരുവോണ ദിവസവും മധ്യകേരളം.

നിരവധി സന്നദ്ധ സംഘടനകളുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വീട് ശുചിയാക്കല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഈ ദുരന്തത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയും വീണ്ടും മുന്നറിയിപ്പു നല്‍കിയും ‘മാവേലിയും പട്ടിയും’ കേരളത്തിലിറങ്ങി പാടിയ ഓണപ്പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പടര്‍ന്നിരിക്കുകയാണ്.

maveli

പ്രജകളെ കാണാന്‍ കേരളത്തിലെത്തിയ മാവേലി പ്രളയത്താല്‍ ചുറ്റപ്പെട്ട കേരളത്തില്‍ തന്റെ കുട തോണിയാക്കി യാത്ര ചെയ്യുന്നതാണ് ദൃശ്യം. അമ്പ്രല്ല തോണിയില്‍ ഓണപ്പാട്ട് പാടി കാര്യങ്ങള്‍ വിവരിക്കുന്നത് പട്ടിയാണ്.

തമ്പുരാന്‍ മാവേലി കേരളത്തില്‍ . . . എന്നു തുടങ്ങുന്ന പാട്ടില്‍ നാട്ടുകാരെ കാണാന്‍ നോക്കേണ്ടന്നും അവരെല്ലാം ക്യാംപില്‍ ആണെന്നും പട്ടി ചെണ്ടകൊട്ടി പാടുകയാണ്.

‘കള്ളവും ഇല്ല ചതിയും ഇല്ലന്നും പക്ഷേ എല്ലായിടവും വെള്ളമാണെന്നും ‘ ഓര്‍മിപ്പിക്കുന്ന പാട്ടില്‍ ഈ പരിതസ്ഥിതിക്ക് കാരണം മനുഷ്യന്‍ തന്നെയാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. പണ്ട് ഒരു കാക്കച്ചി മണ്‍കുടത്തില്‍ കല്ലിട്ട് വെള്ളം പൊക്കിയെടുത്തുവെങ്കില്‍ ഇന്ന് മനുഷ്യന്‍ ഫ്‌ളാറ്റ് കെട്ടാന്‍ ഇട്ട കല്ലുകളാണ് മഹാപ്രളയത്തിന് കാരണമെന്നും പാട്ടില്‍ വ്യക്തമാക്കുന്നു. കാണിച്ച പോക്രിത്തരത്തിനെല്ലാം മേടിച്ചു കെട്ടണ്ടേ തമ്പുരാനേ എന്നും പട്ടി മാവേലിയോടു ചോദിക്കുന്നു.

maveli

ഇതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഹെലികോപ്റ്റര്‍ ഇവരുടെ അമ്പ്രല്ല വഞ്ചിക്കു മുകളിലൂടെ പറന്ന് ഒരു പഴം മാവേലിയുടെ കൈകളിലേക്ക് ഇട്ടു കൊടുത്തു. ഇതോടെ ഇനിയും ഈ പോക്ക് പോയാല്‍ കട്ടായം മലയാളികള്‍ക്ക് പണി കിട്ടുമെന്ന് മാവേലി പട്ടിയോടും മറുപടി പറയുന്നു.

വെള്ളം ഒഴുകേണ്ട വഴികളെല്ലാം മതില്‍ കെട്ടി നിങ്ങള്‍ തടഞ്ഞില്ലേ എന്നും മാവേലി ചോദിക്കുന്നു. പണ്ടത്തെ കേരളം വീണ്ടെടുക്കാന്‍ ഇനിയും ചിന്തിച്ചില്ലങ്കില്‍ ദുരന്തം വന്നിടുമെന്ന് പറഞ്ഞ മാവേലിയോട് ‘താന്‍ കുരച്ചോളാം തമ്പുരാനേ എന്നും നാടിത് കേട്ട് ഉണര്‍ന്നാല്‍ മതിയെന്നും’ പട്ടി മറുപടി പറയുന്നുണ്ട്. പട്ടി കുരച്ചാല്‍ പടി തുറക്കാന്‍ ഇഷ്ടമല്ല ഇന്നും കേരളത്തിലെന്നു ഓര്‍മിപ്പിച്ചു കൂടിയാണ് പട്ടി പാട്ട് അവസാനിപ്പിക്കുന്നത്.

മലയാളികള്‍ ഏറെ ചിന്തിക്കേണ്ട കാര്യങ്ങളാണ് ഹാസ്യ രൂപത്തില്‍ ഓണപ്പാട്ടിലൂടെ ഫെലിക്‌സ് ദേവസ്യ എന്ന കലാകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് രാജേഷ് പുതുമനയാണ്.

Top