ഉത്തരേന്ത്യയിലെ പ്രളയം: മരണസംഖ്യ 153 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തര്‍പ്രദേശ്: ഉത്തരേന്ത്യയിലെ മഴക്കെടുതിയില്‍ മരണം 153 ആയി. ബീഹാറില്‍ മാത്രം നാല്‍പ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബിഹാറിലെ 18 ജില്ലകളിലായി പതിനാറ് ലക്ഷം പേര്‍ പ്രളയ ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു.

കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുപിയിലും, ബിഹാറിലെ ചില ജില്ലകളിലും കഴിഞ്ഞ നാല് ദിവസമായി പെയ്തത്. ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരണസേനയിലെ 50 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് ജാര്‍ഖഡിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഉത്തരാഖഡിലും മഴക്കെടുതികളില്‍ പതിമൂന്ന് പേര്‍ മരിച്ചു.

ബിഹാറില്‍ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിച്ചു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കുടുംബവും അകപ്പെട്ടിരുന്നു. ഇന്നലെ ദേശീയ ദുരന്ത പ്രതികരണ സേനയെത്തിയാണ് സുശീല്‍ കുമാര്‍ മോദിയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലാ ജയിലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 500 തടവുകാരെ മാറ്റി പാര്‍പ്പിച്ചു.

Top