പ്രളയം : സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നുണ്ടെന്ന് മന്ത്രി മാത്യു.ടി.തോമസ്

Mathew T Thomas

തിരുവനന്തപുരം: മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നുവെന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോമസ്. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ വരാനിരിക്കുന്ന വര്‍ള്‍ച്ചയേയും നേരിടാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

പ്രളയത്തിന് ശേഷം കടുത്ത വേനലെന്ന സൂചന നല്‍കി പുഴകളും അരുവികളും വറ്റിവരളുന്നതിനെ തുടര്‍ന്ന് കാരണമറിയാന്‍ സി.ഡബ്ലു.ആര്‍.ഡി.എമ്മിന്റെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. മഴ പെട്ടെന്ന് കുറഞ്ഞതും ശക്തമായ പ്രളയത്തില്‍ പുഴകളിലെ തടസങ്ങള്‍ നീങ്ങിയതും മൂലം വെള്ളം പെട്ടെന്ന് ഒഴുകിപ്പോയതാണ് വരള്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയാണ് മഴവെള്ളം ഒഴുകി കടലിലെത്താനുള്ള പരമാവധി സമയം. പിന്നെ പുഴയിലുണ്ടാവേണ്ടത് ഭൂഗര്‍ഭ ജലമാണ്. ഇതില്‍ കുറവ് വന്നതാവാം പുഴകളിലെ വെള്ളം പെട്ടെന്ന് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഴവെള്ളം പുഴകളില്‍ നിലനിര്‍ത്തേണ്ട മണല്‍തിട്ടകളും മറ്റും ശക്തമായ പ്രളയത്തില്‍ ഒഴുകിപ്പോയതും വരള്‍ച്ചയ്ക്ക് കാരണമായേക്കാം. ഇക്കാര്യത്തിലാണ് പരിശോധന നടത്തേണ്ടത്. വെള്ളപ്പൊക്കത്തിന് ശേഷം ജലനിരപ്പ് താഴുന്നത് സ്വാഭാവികമായ കാര്യമാണെങ്കിലും ഇത്തവണത്തേത് പുതിയ പ്രതിഭാസമാണ്.

Top