വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കം: മരണം 450 കടന്നു

ബീഹാര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കം. മരണം 450 കടന്നു.

ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഭക്ഷണവും വെള്ളവും പോലും ലഭ്യമാകാതെ ബീഹാറിലെ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്.

നേപ്പാളിലെ രൂക്ഷമായ വെള്ളപ്പൊക്കവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.

റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നൂറ് കണക്കിന് ഗ്രാമങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്.

സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളെക്കാള്‍ മൂന്നിരട്ടിയോളം ആളുകള്‍ ബീഹാറില്‍ മാത്രം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാറിലെ 16 ജില്ലകളാണ് പൂര്‍ണമായും വെള്ളത്തിനടി.യിലായത്. നേപ്പാളിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമാക്കിയത്.

പശ്ചിമബംഗാളിലും ഹിമാചല്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നതായാണ് റിപ്പോര്‍ട്ട്.

ബംഗാളില്‍ 32 ലക്ഷത്തോളം ആളുകളെയാണ് വെളളപ്പൊക്കം ദുരിതത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

Top