കിഴക്കൻ ലിബിയയിലെ പ്രളയത്തിൽ മരണം 11,000 കടന്നു; 10,000 ലേറെ പേരെ കാണാനില്ല

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ നിലവിളി നിലയ്ക്കുന്നില്ല. പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍. മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000 കടന്നതോടെയാണ് മരണ സംഖ്യ ഉയരുമെന്ന ആശങ്ക. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് തുറമുഖ നഗരമായ ഡെർണയെ ആണ്. നഗരത്തിന് മുകളിലുള്ള പർവ്വതനിരകളിലെ അണക്കെട്ടുകള്‍ തകർന്നതോടെ പ്രദേശത്ത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

നിരവധി പേരാണ് പ്രദേശത്ത് മരണപ്പെട്ടത്. ആയിരക്കണക്കിന് വീടുകള്‍ ഒലിച്ച് പോയി. വ്യാഴാഴ്ച രാവിലെയോടെ മൂവായിരത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തി സംസ്‌കരിച്ചതായി ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൾജലീൽ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗം പേരെയും ഡെർനയ്ക്ക് പുറത്തുള്ള കൂട്ടക്കുഴിമാടങ്ങളിലാണ് അടക്കം ചെയ്തതെന്നും മറ്റുള്ളവരെ അടുത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരമധ്യത്തിലെ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കടലിലും കാറുകള്‍ക്കുള്ളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഇനിയും ആയിരക്കണക്കിന് പേർ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അണക്കെട്ടുകള്‍ തകർന്ന് പ്രദേശത്തെ മലനിരകള്‍ താഴേക്ക് ഇടിഞ്ഞ് എത്തിയതിനാൽ റോഡുകള്‍ ഏറെയും തകർന്ന് മണ്ണിനടിയിലായി. ഇത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഹെലികോപ്റ്ററിന്റെ സഹോയത്തോടെ രാത്രിയും പകലും തെരച്ചിൽ തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

പ്രളയത്തിൽ തീരദേശ നഗരമായ ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജർമ്മനി, റൊമാനിയ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കിയെന്ന് ഇയു ക്രൈസിസ് മാനേജ്‌മെന്റ് കമ്മീഷൻ ജാനസ് ലെനാർസിക് പറഞ്ഞു.

Top