മഹാപ്രളയത്തിന് ഉത്തരവാദിയാര് ? ഡാം മാനേജ്‌മെന്റിലെ പാളിച്ചയെന്ന് വിമര്‍ശനം

തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിലെ പാളിച്ചയാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് വിമര്‍ശനം. കെഎസ്ഇബിയുടെ അത്യാര്‍ത്തിയും വിനയായെന്ന് ആരോപണങ്ങളുണ്ട്. ഇതിനിടെ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കിയിലടക്കം ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഡാമുകള്‍ ഒന്നിച്ചു തുറന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. ബാണാസുര സാഗര്‍ തുറന്ന് വിട്ടത് മുന്നറിയിപ്പ് പോലും നല്‍കാതെയാണ്. ബാണാസുര സാഗര്‍ തുറന്നത് ഏഴ് പഞ്ചായത്തുകളെ വെള്ളത്തിലാക്കി. ശബരിഗിരി പഞ്ചായത്തിലെ മൂന്ന് ഡാമുകളും ഒന്നിച്ച് തുറന്നു. ഇത് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും പ്രളയത്തിന് കാരണമായി.

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയര്‍ത്തിയതാണു വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.

ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടര്‍ ആദ്യം തുറക്കുന്നതിനു മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയതും നാലാമത്തെ ഷട്ടര്‍ തുറന്നതും നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു. ഇതോടെ, ഒട്ടേറെ വീടുകള്‍ക്കു മുകളില്‍ വരെ വെള്ളമുയര്‍ന്നു.

പിന്നീടു മഴ കുറഞ്ഞപ്പോള്‍ ഷട്ടറുകള്‍ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയര്‍ത്തി. ഷട്ടറുകളുടെ ഉയരം വര്‍ധിപ്പിക്കുമ്പോഴുള്ള അനൗണ്‍സ്‌മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോള്‍ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവില്‍ ബാണാസുരയുടെ ഒരു ഷട്ടര്‍ മാത്രമേ (10 സെന്റിമീറ്റര്‍ ഉയരത്തില്‍) തുറന്നിട്ടുള്ളൂ.

Floods in Kerala

അതേസമയം ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഒറ്റദിവസം തന്നെ റിസര്‍വോയറില്‍ 562 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. സംഭരണശേഷിയുടെ 10% വെള്ളമാണ് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത്. വൃഷ്ടിപ്രദേശത്ത് ഒട്ടറെ ഉരുള്‍പൊട്ടലുകള്‍ കൂടി സംഭവിച്ചതോടെ കണക്കാക്കിയതിലപ്പുറം വെള്ളം എത്തിയെന്നും കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.മനോഹരന്‍ പറഞ്ഞു.

ആളിയാര്‍ ഡാം തുറക്കുന്ന കാര്യവും വൈകിയാണ് തമിഴ്‌നാട് അറിയിച്ചത്. ഇതാണ് പാലക്കാട് കിഴക്കന്‍ മേഖലയില്‍ പ്രളയമുണ്ടാക്കിയത്.

പമ്പാതീരത്തു പ്രളയമുണ്ടായ 14നു രാത്രിയിലും 15നു പുലര്‍ച്ചെയും പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. 15നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വീടുകളിലെല്ലാം വെള്ളം കയറി പതിനായിരങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിപ്പു നല്‍കി ഒഴിഞ്ഞുപോകാന്‍ സമയം നല്‍കണമെന്നാണു ചട്ടം.

അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായോ എന്നു സര്‍ക്കാര്‍ പരിശോധിക്കും. ബാണാസുരസാഗര്‍, ശബരിഗിരി അണക്കെട്ടുകള്‍ തുറന്നതു വേണ്ടത്ര മുന്നറിയിപ്പില്ലാതെയാണെന്നു വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണു തീരുമാനം. പ്രാഥമിക പരിശോധനയില്‍ ഗുരുതര വീഴ്ചകളുണ്ടായില്ലെന്നാണു നിഗമനം.

Top