ജപ്പാനില്‍ കടുത്ത ചൂടില്‍ 35 പേര്‍ മരിച്ചു ; ടോക്യോയില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി

ജപ്പാന്‍: ജപ്പാനില്‍ കഠിനമായ ചൂടില്‍ 35 പേര്‍ മരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തില്‍ ബുദ്ധിമുട്ടിയ നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി കഠിനമായ ചൂടില്‍ വലയുകയാണ് ജപ്പാനിലെ ജനങ്ങള്‍. 40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില.

5 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. ക്യോട്ടോ സിറ്റിയില്‍ 7 ദിവസമായി താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. ചരിത്രത്തിലാദ്യമായാണ് താപനില യാതൊരു വ്യതിയാനവുമില്ലാതെ തുടരുന്നത്.

‘പ്രായമായവര്‍ക്കും ആസ്മയുള്ളവര്‍ക്കും കാലാവസ്ഥാ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാല്‍ ആരോഗ്യം ക്ഷയിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സ്‌ട്രോക്ക്, ഡിഹൈഡ്രേഷന്‍, മൈഗ്രെയിന്‍, മാനസിക വ്യതിയാനങ്ങള്‍ എന്നിവര്‍ക്ക് ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറുവയസുകാരന്‍ സ്‌കൂളില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൂടിന്റെ ആഘാതം തടയാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാന്‍ സ്‌കൂളുകള്‍ക്ക് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ചൂട് കാലത്തെ ക്ഷീണം തടയാന്‍ ആവശ്യമായ വെള്ളം കുടിക്കാന്‍ ജനങ്ങളോട് കാലാവസ്ഥ വ്യതിയാന കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ടോക്കിയോയില്‍ അഗ്‌നിശമന വിഭാഗം 300 ആംബുലന്‍സുകള്‍ വിതരണം ചെയ്തു.

ജപ്പാനില്‍ വെള്ളപൊക്കം വന്‍ നാശം വിതച്ചതിന് പിന്നാലെയാണ് ചൂട് രൂക്ഷമാവുന്നത്. വെള്ളപൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം കടുത്ത ചൂട് മൂലം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ഈ മാസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 200 പേരാണ് മരിച്ചത്. ജപ്പാനില്‍ ആദ്യ തവണയാണ് റെക്കോര്‍ഡ് മഴ രേഖപ്പെടുത്തിയത്.

Top