പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; പരാതി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകനെതിരെ പരാതി

കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസില്‍ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകനെതിരെ പരാതി നല്‍കി ഏരിയ സെക്രട്ടറി സക്കിര്‍ ഹുസൈന്‍. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണം വേണമെന്നും സക്കിര്‍ ഹുസൈന്‍ ചൂണ്ടികാട്ടി.

ഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്തിനോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാന്‍ സിപിഎം തീരുമാനിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് സിപിഎം നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.

കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടില്‍ തട്ടിപ്പ് നടത്തിയതെന്നാണ് ഗിരീഷ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ എം എം അന്‍വറിന് സഹകരണ ബാങ്കില്‍ നിന്ന് പണം കൈമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് സക്കീര്‍ ഹുസൈനാണെന്നും പരതിയില്‍ വ്യക്തമാക്കുന്നു.

ഇതിനെതിരെയാണ് സക്കിര്‍ ഹുസൈന്‍ കമ്മീഷണറെ സമീപിച്ചത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സിപിഎം ഏരിയ സെക്രട്ടറി ആയ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സക്കീര്‍ ആരോപിക്കുന്നു. തട്ടിപ്പില്‍ പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Top