പ്രളയ ഫണ്ട് തട്ടിപ്പ്; മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണബാങ്ക് ബോര്‍ഡ് അംഗവുമാണ് കൗലത് അന്‍വര്‍. മൂന്നുപേരും ചേര്‍ന്നു പത്തരലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.

പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പു കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി മഹേഷ്, ആറും ഏഴും പ്രതികളായ നിധിന്‍, ഭാര്യ ഷിന്റു എന്നിവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി 17 വരെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ 4 പേരാണു നിലവില്‍ ജയിലിലുള്ളത്. മഹേഷാണ് പ്രധാന സൂത്രധാരനെന്നും ഇയാളുടെയും വിഷ്ണു പ്രസാദിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണു പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതെന്നുമാണു പൊലീസ് അറിയിച്ചത്.

അക്കൗണ്ട് വിവരങ്ങള്‍ തിരുത്തി ആദ്യം മഹേഷിന്റെ അക്കൗണ്ടിലേക്കാണു പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു പണം അയച്ചത്. തുടര്‍ന്ന് ആറാം പ്രതിയായ നിധിന്റേതുള്‍പ്പെടെയുള്ള അക്കൗണ്ടുകളിലേക്കു പണം അയയ്ക്കാന്‍ ശ്രമം നടത്തി. ഇതിനായി നിധിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാട്‌സാപ് വഴി മഹേഷിനു കൈമാറി. എന്നാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്നു നിധിന്റെ ഭാര്യ ഷിന്റുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മഹേഷിനു വാട്‌സാപ്പിലൂടെ തന്നെ കൈമാറി. ഈ അക്കൗണ്ടിലേക്കു 2.50 ലക്ഷം കൈമാറി. ജനുവരി 21 നു സിന്ധു ഈ പണം ബാങ്കിലെത്തി പിന്‍വലിച്ചു.

Top