പ്രളയ ദുരന്തം; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി

CYBER-POLICE

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ഡോം മേധാവി ഐ. ജി മനോജ് എബ്രഹാം.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ വീണെന്നും, അണക്കെട്ട് പൊട്ടിയെന്നും തരത്തിലുള്ള ശബ്ദ സന്ദേശങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമ നടപടി സ്വീകരിക്കാന്‍ പൊലീസ് ഉത്തരവിട്ടത്.

ദുരിതത്തിനിടയിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണിയും അറിയിച്ചു.

മുല്ലപ്പെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു അണക്കെട്ടിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്നും, എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മണി പറഞ്ഞു.

ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിന് ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top