പ്രളയ പുനര്‍നിര്‍മ്മാണത്തിന് പണമില്ല ; സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ആവശ്യത്തിന് ഫണ്ടില്ലാത്ത അവസ്ഥയിലും സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന്റെ, ഏഴാം നിലയില്‍ സജ്ജീകരിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഉപയോഗിക്കുന്നതിന് തേക്ക് തടിയില്‍ നിര്‍മ്മിച്ച കുഷ്യന്‍ ചെയ്ത 30 സന്ദര്‍ശക കസേരകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

30 കസേരകള്‍ക്ക് 2,48,774 രൂപയാണ് ചെലവ്. ഒരു കസേരയുടെ വില 8,292രൂപ. സിഡ്‌കോയില്‍നിന്നാണ് കസേര വാങ്ങുന്നത്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ മന്ത്രിമാരുടെ ഓഫിസ് കാബിനുകള്‍ പരിഷ്‌ക്കരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനും 4,50,000 രൂപയും അനുവദിച്ചു.

വനംമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കൃഷിമന്ത്രി, ആരോഗ്യ ക്ലബ് എന്നിവയ്ക്കായാണ് പണം അനുവദിച്ചത്. ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍ തുടങ്ങിവരുടെ ഓഫിസില്‍ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തില്‍ ഒക്ടോബര്‍ മാസത്തില്‍ കോഫി ഹൗസിന് നല്‍കിയത് 2,26,115 രൂപയുമാണ്.

അതേസമയം കേരളത്തിന് പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച തുകയില്‍ നിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആര്‍.എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടിക്കുറയ്ക്കാന്‍ കാരണം.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ആറിന് ചേര്‍ന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എന്‍.ഡി.ആര്‍.എഫ്.)യില്‍നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ 10ന് ഇറക്കിയ ഉത്തരവില്‍ 2304.85 കോടി രൂപ നല്‍കാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടില്‍ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തുക കുറച്ചാണ് ഖജനാവിലേക്ക് കിട്ടിയതെന്ന് എസ്.ഡി.ആര്‍.എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും സ്ഥിരീകരിച്ചു. എസ്.ഡി.ആര്‍.എഫിന് അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകബാങ്കും യു.എന്നും നടത്തിയ പഠനത്തിനുശേഷം 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Top