പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് സഹായം

ഇടുക്കി: പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ വകയില്ലാതെ അവസാനം വൃക്ക വിൽക്കാനൊരുങ്ങിയ വൃദ്ധദമ്പതികൾക്ക് സഹായം. ദമ്പതികളുടെ വീട്ടിലെത്തിയ ഇടുക്കി ജില്ലാ കളക്ടർ അടിയന്തിര നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകി.

തന്റെ വീടിന്റെ ചുമരിൽ വൃക്ക വിൽക്കാനുണ്ട് എന്ന പരസ്യമെഴുതിവെച്ച് കച്ചവടക്കാരെ കാത്തിരിക്കുകയാണ് അടിമാലി വെള്ളത്തൂവൽ സ്വദേശിയായ തണ്ണിക്കോട്ട് ജോസഫും (72) ഭാര്യയും.

പ്രളയത്തിൽ നശിച്ച വീട് നന്നാക്കി കിട്ടുന്നതിന് ഇതുവരെ പലയിടങ്ങളും ജോസഫ് കയറിയിറങ്ങി. അവസാനം ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ പണം ഇല്ലാതെ വന്നപ്പോളാണ് ഈ വ്യത്യസ്തമായ പ്രതിഷേധ മാർഗം തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ഇല്ലാത്തതിനാൽ ഇതുവരെ ആനുകൂല്യമൊന്നും കിട്ടിയിട്ടില്ല. കൈക്കൂലി കൊടുക്കാൻ പണമുണ്ടാക്കാനാണ് വൃക്ക വിൽക്കുന്നതെന്നും തകർന്ന വീടിന്റെ ഭിത്തിയിൽ എഴുതിയ പരസ്യത്തിൽ ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്.

ജോസഫും ഭാര്യ ആലീസും താമസിക്കുന്ന ആ വീട്, കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ ഉരുൾപൊട്ടിയാണ് തകർന്നത്. വീടിന്റെ തകർച്ചയെ തുടർന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. പക്ഷേ, ഇത്ര നാളായിട്ടും സർക്കാരിൽ നിന്നും ഒരു സഹായവും കിട്ടാതെ വന്നതോടെയാണ് ജോസഫ് തന്റെ നിസ്സഹായത ഇത്തരത്തിൽ എഴുതി പുറംലോകത്തെ അറിയിച്ചത്.

ഇരുപത്തിയഞ്ച് വർഷം മുമ്പ് നിർമ്മിച്ച വീടിന്റെ താമസയോഗ്യമായ ഒരു മുറിയിലാണ് ജോസഫും ഭാര്യ ആലീസും കഴിയുന്നത്. ജോസഫിനും ഭാര്യക്കും മറ്റു വരുമാന മാർഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വീടിന്റെ രണ്ട് മുറികൾ വാടകയ്ക്ക് കൊടുത്ത് കിട്ടുന്നതുകൊണ്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പ്രളയത്തിൽ വീട് തകർന്നതോടെ ആ വരുമാനവും നിലച്ചു. വീടു പൂർണ്ണമായി തകർന്നിട്ടില്ലാത്തതും, തകർന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതും അടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് ആനുകൂല്യം നൽകാത്തതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.

Top