അസമില്‍ കനത്ത മഴ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, ഹെലികോപ്റ്ററുകള്‍ സജ്ജം

ഗുവാഹത്തി: അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കുന്നു. സബ് ഹിമാലയന്‍ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം, അസ്സം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യോമസേന അറിയിച്ചു. ഹെലികോപ്റ്ററുകള്‍ സജ്ജമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും വ്യോമസേന വ്യക്തമാക്കി.

നിലവില്‍ അസ്സമിലെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയത്തിലായിരിക്കുകയാണ്. 24 ജില്ലകളിലായി ഒരു ലക്ഷം ഹെക്ടറിന് മുകളിലുള്ള ഭൂപ്രദേങ്ങള്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. 24 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

അസമിലെ ഗോല്‍പാര ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ജില്ലയിലെ 459 ലക്ഷം ആളുകള്‍ പ്രളയത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അസ്സമില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് കൃഷ്ണ, ബ്രഹ്മപുത്ര നദികള്‍ കരകവിഞ്ഞതാണ പ്രളയം രൂക്ഷമാകാന്‍ കാരണം. മഴക്കെടുതി രൂക്ഷമായ മേഘാലയില്‍ ഒരുലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.

Top