പ്രളയ മുന്നൊരുക്കം; സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം, 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തില്‍ ഇല്ലായിരുന്നെന്നും സിഎജി റിപ്പോര്‍ട്ട്. ‘കേരളത്തിലെ പ്രളയങ്ങള്‍-മുന്നൊരുക്കവും പ്രതിരോധവും’ എന്ന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

വലിയ സ്‌കെയിലിലുള്ള ഫ്‌ലഡ് ഹസാര്‍ഡ് മാപ്പ് കേരളത്തിലില്ല. സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫ്‌ലഡ് സസെപ്റ്റിബിലിറ്റി മാപ്പ് കേന്ദ്ര ജല കമ്മിഷന്റെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡം അനുസരിച്ചല്ല. 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ (നിലവിലുള്ള ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്) പെരിയാര്‍ നദീതടത്തില്‍ ഐഎംഡി സ്ഥാപിച്ച ആറു റെയിന്‍ ഗേജുകള്‍ മാത്രമേ മഴ അളക്കുന്നതിന് ഉണ്ടായിരുന്നുള്ളൂ.

മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തത്സമയ ഡേറ്റ ലഭ്യമാക്കാനുള്ള ഒരു പദ്ധതി, അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തത്സമയ ഡേറ്റ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അണക്കെട്ട് സൈറ്റുകളും, സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ 2018ലെ പ്രളയ സമയത്തോ അതിനു ശേഷമോ പ്രവര്‍ത്തനക്ഷമമായിരുന്നില്ല.

ചെറുതോണി തീരത്ത് കയ്യേറ്റങ്ങള്‍ വര്‍ധിച്ചത് ഒഴുക്കിനെ തടസ്സപ്പെടുത്തുകയും 2018ലെ പ്രളയത്തില്‍ നാശം വിതയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രളയ സമതലങ്ങള്‍ വേര്‍തിരിച്ച് പ്രളയ മേഖല തിരിക്കാനുള്ള നിയമ നിര്‍മാണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Top