ദുരിതപെയ്ത്ത് ;അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

മലപ്പുറം: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. അബ്ദുള്‍ റസാഖിന്റെ രണ്ട് മക്കളുടെയും പഠന ചെലവുകള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടര്‍ മേജര്‍ രവി അറിയിച്ചു. മേജര്‍ രവി, മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.

അബ്ദുള്‍ റസാഖിന്റെ മൂത്ത മകന്‍ പതിനൊന്നാം ക്ലാസ്സിലും രണ്ടാമത്ത മകന്‍ ഒമ്പതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ ഡിഗ്രി വരെയുള്ള പഠന ചെലവുകളാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്‍ ഏറ്റെടുക്കുക. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. രണ്ടു കുട്ടികളുമായും മോഹന്‍ലാല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.

വെള്ളക്കെട്ടില്‍ വീണ സഹോദരന്റെ മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അബ്ദുല്‍ റസാഖിനെ മരണം കവര്‍ന്നത്. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അബ്ദുല്‍ റസാഖ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയബാധിതരെ രക്ഷിക്കുന്നതിനിടെ വെള്ളത്തില്‍ വീണു മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായും മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ രംഗത്ത് എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്നാണ് അറിയിച്ചത്.അടിയന്തര സഹായമായി ലിനുവിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും അദ്ദേഹം നല്‍കിയിരുന്നു.

മാതാപിതാക്കളുടെ പേരിലാണ് മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍സ് എന്ന ജീവകാരുണ്യ സംഘടന ആരംഭിച്ചത്.

Top