മന്ത്രി രാജു പറഞ്ഞത് പെരും നുണ, മന്ത്രി സ്ഥാനം ത്രിശങ്കുവിൽ . . .

k-raju

തിരുവനന്തപുരം: ജര്‍മനിക്കു പുറപ്പെടുന്ന സമയം സംസ്ഥാനത്തു പ്രളയം രൂക്ഷമായിരുന്നില്ലെന്ന മന്ത്രി കെ.രാജുവിന്റെ വിശദീകരണം കള്ളമെന്ന് വ്യക്തമാകുന്നു. 16നു പുലര്‍ച്ചെ മന്ത്രി യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ തന്നെ കേരളത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് എല്ലാ ജില്ലകളിലും മന്ത്രി രാജു തന്നെ അംഗമായ സര്‍ക്കാര്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്താണ് രാജുവിനൊപ്പം പോകേണ്ടിയിരുന്ന മന്ത്രി വി.എസ് സുനില്‍കുമാര്‍ യാത്ര റദ്ദാക്കിയത്. മന്ത്രിയുടെ യാത്ര സ്‌പെഷ്യല്‍ ബ്രാഞ്ചോ ശംഖുമുഖം പൊലീസോ അറിഞ്ഞില്ലെന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ദുരന്തമുഖത്തു നിന്നുള്ള യാത്ര ആയതുകൊണ്ടായിരിക്കണം ഇവര്‍ അറിയാതെ പോയതെന്നാണു വിലയിരുത്തല്‍. ഒപ്പം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമുണ്ടായിരുന്നു.

കോട്ടയത്തെ സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം തിരുവനന്തപുരത്തേക്കുള്ള എംസി റോഡ് യാത്രയില്‍ തന്നെ മന്ത്രിക്കു സ്ഥിതിഗതികള്‍ മനസിലാകേണ്ടതാണ്. കനത്ത മഴയില്‍ ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പമ്പയില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. അതിലൊക്കെ ഉപരി 103 ജീവനുകള്‍ നഷ്ടപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം മന്ത്രി മനസിലാക്കാതെ ഇരുന്നത് ഗുരുതര വീഴ്ച തന്നെയാണ്. ഉടനെ തന്നെ തിരികെ എത്തണമെന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയതു കൊണ്ടു മാത്രമാണ് യാത്ര പൂര്‍ത്തിയാക്കും മുന്‍പ് മന്ത്രി തിരിച്ചെത്തിയത്.

മന്ത്രി പറഞ്ഞത് നുണയാണെന്ന് കൂടി വ്യക്തമായതോടെ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നതാണ് നല്ലതെന്ന അഭിപ്രായത്തിനാണ് സി.പി.ഐയില്‍ മുന്‍ തൂക്കം.നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും

Top