flood fury 26 dead in bihar ,21 in assam over 40 lakh people affecte in 2 states

ഗുവഹാത്തി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ബിഹാറിലും അസമിലുമായി 40 ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ബിഹാറില്‍ 26 പേര്‍ മരിച്ചു.

അസമില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 21 ആയി. ഇന്നലെ അഞ്ചു പേരുടെ മരണം കൂടി സ്ഥിരീകരിച്ചു.

ഡല്‍ഹി,ഹരിയാന,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. ഓഗ്‌സറ്റ് ഒന്ന് വരെ ഇവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഡല്‍ഹി-ഹരിയാന പാതയിലെ ഗുര്‍ഗാവില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് 15 കിലോമീറ്ററോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു.തുടര്‍ന്ന് ഡല്‍ഹി ഹരിയാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി രംഗത്തെത്തിയിട്ടുണ്ട്.

അസമില്‍ മാത്രം മഴക്കെടുതി 19 ലക്ഷം പേരെ ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നത് മൂലം അരുണാചല്‍ പ്രദേശിനോടും ഭൂട്ടാനോടും ചേര്‍ന്ന അസമിലെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്.

പ്രളയബാധിത പ്രദേശങ്ങളായ നാഗോണ്‍, മാരിഗോണ്‍ കസിരംഗ എന്നിവടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ആകാശ നിരീക്ഷണം നടത്തും. പുനരവധിവാസ ക്യാമ്പും ദുരന്ത പ്രദേശവും മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുയും ചെയ്യും.

ലഖിംപൂര്‍,ഗോളാഗഢ്,ബോന്‍ഗായ്‌ഗോണ്‍,ജോറാട്,ദേമാജി,ബാര്‍പ്പെട്ട,ഗോള്‍പാര,ദുബ്രി,ദരാംഗ്,മോറിഗോണ്‍,സോണിത്പൂര്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചിട്ടുള്ളത്. ബ്രഹ്മപുത്ര നദി ഭീതിപരത്തി അപകടരമായ നിലയിലാണ് ഒഴുകി കൊണ്ടിരിക്കുന്നത്.

എന്‍.ഡി.ആര്‍.എഫും, എസ്.ഡി.ആര്‍.എഫും രക്ഷാ പ്രവര്‍ത്തനത്തിനും ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനും സഹായത്തിനെത്തിയിട്ടുണ്ട്. 19 ലക്ഷം പേരെ നേരിട്ടും അല്ലാതെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവല്‍ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പുനരധിവാസ ക്യമ്പുകളിലേക്ക് ആവശ്യമായ കുടിവെള്ളവും മരുന്നുകളും വേഗത്തില്‍ എത്തിച്ച് നല്‍കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top