പ്രളയഫണ്ട് തട്ടിപ്പ്, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി; ലീഗിനെതിരെ വിമര്‍ശനവുമായി എസ് ഡി പി ഐ

തിരുവനന്തപുരം: പ്രളയഫണ്ട് തിരിമറി ചെയ്‌തെന്ന വിവാദത്തെ തുടര്‍ന്ന് ലീഗിനെതിരെ വിമര്‍ശനവുമായി എസ് ഡി പി ഐ. പ്രളയഫണ്ട് തിരിമറിയിലൂടെ ജനങ്ങള്‍ക്ക് ലീഗിനുണ്ടായിരുന്ന വിശ്വാസ്യത നഷ്ടമായെന്ന് എസ്ഡിപിഐ ആരോപിച്ചു. വിവാദത്തിന് പിന്നാലെ ലീഗിന് പൊതുസമൂഹത്തിലുണ്ടായിരുന്ന അംഗീകാരം നഷ്ടമായെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തുന്നു.

11 ലക്ഷം രൂപയില്‍ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കള്‍ സ്വന്തം ബന്ധുക്കള്‍ക്കാണ് നല്‍കിയതെന്ന ആരോപണത്തിന് ലീഗ് മറുപടി നല്‍കേണ്ടതുണ്ടെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വിതരണം ചെയ്യാനായി ലീഗ് സംസ്ഥാന കമ്മറ്റി നല്‍കിയ 11.5 ലക്ഷം രൂപ പ്രാദേശിക നേതാക്കള്‍ വകമാറ്റിയെന്ന വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് എസ്ഡിപിഐ പറഞ്ഞു.

കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനായി സമാഹരിച്ച തുകയില്‍ യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന് മുന്‍പ് ആരോപണം ഉണ്ടായിരുന്നു. അതിന് പിന്നാലെ പ്രളയ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെയാണ് പരസ്യമായ എതിര്‍പ്പുമായി എസ്ഡിപിഐ രംഗത്തെത്തിയത്.

 

Top