മുഖ്യമന്ത്രിക്ക് വിമര്‍ശനം ഇഷ്ടമല്ല, അപകടം കഴിഞ്ഞ് അലേര്‍ട്ട് കൊടുത്തിട്ട് എന്തുകാര്യമെന്ന് സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാര്‍ വന്‍പരാജയമാണ്. നദികളില്‍ വെള്ളം പൊങ്ങിയാല്‍ എവിടെയൊക്കെ കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോട്ടയം, ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ സംവിധാനം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ജനപ്രതിനിധികള്‍ എത്തിയിട്ട് പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമോ ഉണ്ടായിരുന്നില്ല. പിന്നെ എന്ത് ആവശ്യമാണ് സര്‍ക്കാറിനെ കൊണ്ടുള്ളതെന്നും വി ഡി സതീശന്‍ ചോദിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അടിയന്തര പ്രമേയങ്ങള്‍ താന്‍ നിയമസഭയില്‍ കൊണ്ടുവന്നിരുന്നതായും സതീശന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടുവിലാണ്. ഒരു തരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കാനോ കേള്‍ക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. അകാരണമായി ലോക്ക്ഡൗണ്‍ നീട്ടിയ സര്‍ക്കാര്‍ എന്നാല്‍ അതുവഴി സാമ്പത്തികപ്രതിസന്ധിയിലായവരെ രക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Top