തമിഴ്നാട്ടിലെ പ്രളയദുരിതം; തിരുനെല്‍വേലി ജില്ലയില്‍നിന്ന് 696 ഗര്‍ഭിണികളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍

ചെന്നൈ: പ്രളയദുരിതം രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍നിന്ന് 696 ഗര്‍ഭിണികളെ മുന്‍കരുതലിന്റെ ഭാഗമായി ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്ന 142 ഗര്‍ഭിണികള്‍ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

തമിഴ്നാട്ടിന്റെ തെക്കും വടക്കുമുള്ള ജില്ലകളിലുണ്ടായ പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസനിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്റ്റാലിന്‍, സംസ്ഥാനത്തിന് അടിയന്തരസഹായമായി 7033 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് 2000 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് അദ്ദേഹം ചെന്നൈയില്‍ തിരിച്ചെത്തിയത്.

രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന നാവികസേന, ഹെലികോപ്ടര്‍ വഴി 3.2 ടണ്‍ ദുരിതാശ്വാസ സാമഗ്രഹികള്‍ ശ്രീവൈകുണ്ഠം അടക്കമുള്ള പ്രളയബാധിതപ്രദേശങ്ങളില്‍ വ്യാഴാഴ്ച വിതരണം ചെയ്തു.വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനും മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ ചെന്നൈയില്‍നിന്ന് ഹെലികോപ്റ്ററില്‍ തൂത്തുക്കുടി വാഗൈക്കുളത്തെത്തിയ മുഖ്യമന്ത്രി അവിടെനിന്ന് കാറില്‍ സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. പ്രളയക്കെടുതി അനുഭവിക്കുന്നവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലുണ്ടായ പ്രളയക്കെടുതി കേന്ദ്രസംഘം കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലായിരുന്നു സന്ദര്‍ശനം. 14 ദുരിതാശ്വാസക്യാമ്പുകളിലായി 12,653 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Top