പ്രളയത്തിൽ ‘കഷ്ടപ്പെട്ട’ ഏഷ്യാനെറ്റിനെയും വെട്ടിലാക്കി അർണാബും രാജീവ് ചന്ദ്രശേഖറും

arnab-rajeev

തിരുവനന്തപുരം: പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ ഏറ്റവും അധികം ഉണര്‍ന്ന് പ്രവര്‍ത്തിച്ച വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് നിരവധി പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് ഏഷ്യാനെറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഫോണ്‍ കോളുകളും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള വീഡിയോകളും ഏഷ്യാനെറ്റിലാണ് എത്തിയതെന്ന് പറഞ്ഞാല്‍ അത് തള്ളിക്കളയാന്‍ കഴിയില്ല.

arnab

പിന്നീട് മറ്റു ചാനലുകള്‍ക്കും ഈ രീതി പിന്തുടരേണ്ടി വന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോള്‍ ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നടപടി ഏഷ്യാനെറ്റിലെ ജീവനക്കാരെയും ധര്‍മ്മസങ്കടത്തിലാക്കുന്നതാണ്. രാജീവ് ചന്ദശേഖറിന്റെ കൂടി ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്കന്‍ ടി.വിയുടെ മാനേജിങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിയുടെ മലയാളി വിരുദ്ധ നിലപാടാണ് ഏഷ്യാനെറ്റ് ജീവനക്കാരിലും ഇപ്പോള്‍ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നത്.

‘താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നാണം കെട്ട കൂട്ടമാണ് മലയാളികള്‍’ എന്ന അര്‍ണാബിന്റെ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഏഷ്യാനെറ്റ് ജീവനക്കാര്‍ക്കിടയില്‍ ഉള്ളത്.

അര്‍ണാബ് ഗോസ്വാമിയുടെ പ്രതികരണത്തിനെതിരെ സ്വാഭാവികമായും മലയാളികള്‍ സംഘടിതമായി പ്രതികരിച്ചതോടെ അതിനെ പരിഹസിച്ച് ഏഷ്യാനെറ്റ് ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ വന്നതാണ് ഏഷ്യാനെറ്റ് ജീവനക്കാരെ വെട്ടിലാക്കിയിരിക്കുന്നത്.

arna

സോഷ്യല്‍ മീഡിയയിലെ കോമാളികളാണ് ചാനലിനെതിരെ പ്രതികരിക്കുന്നതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസ്സ് ഇറക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ട്വീറ്ററില്‍ തുറന്നടിച്ചിരുന്നു.

അതേസമയം, റിപ്പബ്ലിക്ക് ടി.വിക്കെതിരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി റേറ്റിങ് കുറച്ച മലയാളി പ്രതിഷേധം വലിയ തിരിച്ചടിയാണ് ചാനലിന് ഉണ്ടാക്കിയിരിക്കുന്നത്. അര്‍ണാബിന്റെയും റിപ്പബ്‌ളിക് ടി.വിയുടെയും ഫെയ്‌സ് ബുക്ക് പേജിലും മലയാളികളുടെ പൊങ്കാലയാണ്.

ഈ പ്രതിഷേധം രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തോടെ ഏഷ്യാനെറ്റിലേക്കും പടരുമോ എന്ന ആശങ്കയും ചാനല്‍ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top