പ്രളയം; ബീഹാറിലും അസമിലും കനത്ത നാശനഷ്ടം, മരണം 142 ആയി

ന്യൂഡല്‍ഹി: പ്രളയത്തിലും കനത്തമഴയിലും ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലും മരണം 142 ആയി. ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ബീഹാറില്‍ മാത്രം മരിച്ചത് 78 പേരാണ്.

അസം,ബിഹാര്‍ ,മേഘാലായ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. 1119 ദുരിതാശ്വാസ ക്യാമ്പുകളിലായി നാല് ലക്ഷത്തോളം പേരാണുള്ളത്.ഇവര്‍ക്ക് ഭക്ഷണവും ശുദ്ധജലവും മരുന്നും ഉറപ്പുവരുത്തിയതായി ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ആര്‍ജെഡി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

പത്തു ദിവസമായി അസമില്‍ തുടരുന്ന പ്രളയത്തില്‍ 27 പേര്‍ മരിച്ചു. 1080 ദുരിതാശ്വാസ ക്യാമ്പുകളിലായി 2 ലക്ഷം ആളുകളെ ഇതിനോടകം മാറ്റിപാര്‍പ്പിച്ചു. ദേശീയ പാര്‍ക്കില്‍ അഞ്ച് കണ്ടാമൃഗങ്ങള്‍ ഉള്‍പ്പടെ 30 മൃഗങ്ങള്‍ ചത്തു. മൃഗങ്ങളുടെ സുരക്ഷക്കായി താല്‍ക്കാലിക സംവിധാനങ്ങള്‍ പാര്‍ക്കുകളില്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. മേഘാലയയില്‍ 159 ഗ്രാമങ്ങളിലായി രണ്ട് ലക്ഷം പേരെ പ്രളയം ബാധിച്ചു. മിസോറാമില്‍ 5000 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

Top