പ്രളയം: ബീഹാറിലും അസമിലും കനത്ത നാശനഷ്ടം; മരണസംഖ്യ 111 ആയി

ന്യൂഡല്‍ഹി:പ്രളയത്തിലും കനത്ത മഴയിലും ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും മരണം 111 ആയി. 82 ലക്ഷം പേര്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ബിഹാറിലാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. 67 പേര്‍. അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരും മരിച്ചു.

221 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം തുറന്നു. 1.16 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ സ്ഥിതി അതീവഗുരുതരമാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണിത്.

പത്തു ദിവസമായി അസമില്‍ തുടരുന്ന പ്രളയത്തില്‍ 27 പേര്‍ മരിച്ചു. ദേശീയ പാര്‍ക്കില്‍ അഞ്ച് കണ്ടാമൃഗങ്ങള്‍ ഉള്‍പ്പടെ 30 മൃഗങ്ങള്‍ ചത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളയേും പ്രളയം ബാധിച്ചു. 2 ലക്ഷം ആളുകളെ ഇതിനോടകം ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റി

വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെയിരിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി അസാം സര്‍ക്കാര്‍ അറിയിച്ചു. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്തു വന്നിട്ടുണ്ട്.

ഗുവഹാത്തി, തേസ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. കായിക താരം ഹിമാദാസ് തന്റെ ശമ്പളത്തിന്റെ പകുതി അസമിലെ പ്രളയ ദുരിതാശ്വാസത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ അസമിലെ ദുരിതബാധിതര്‍ക്കായി രണ്ട് കോടി രൂപ നല്‍കും. പ്രളയദുരിതാശ്വാസത്തിന് രാജ്യത്തെ ജനങ്ങളുടെ സഹായം അസം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Top