പ്രളയക്കെടുതി ; അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി

Pinaray vijayan

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10000 രൂപ വീതമുളള സഹായ വിതരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

മരണപ്പെട്ടവര്‍ക്കുളള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളത്.

80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതമുളള സഹായത്തിന്‍റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായി. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു. മരണപ്പെട്ടവര്‍ക്കുളള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളത്.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച സാധനങ്ങള്‍ വ്യക്തമായ മാനദണ്ഡമനുസരിച്ച് വിതരണം ചെയ്യുന്നത് തുടരുകയാണ്. 80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുളള അപേക്ഷകളിന്മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐ.ടി വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1,79,000 ത്തോളം വീടുകളില്‍ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. 50,000 ത്തോളം വീടുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ചുളളതിനേക്കാള്‍ വലിയ തുക ലഭിക്കും. കേന്ദ്രം ഹെക്ടറിന് 37,500 രൂപയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്കായി നിശ്ചയിച്ചതെങ്കില്‍ മൂന്നു മുതല്‍ അഞ്ച് സെന്‍റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറുലക്ഷം രൂപ നല്‍കും.

വീട് നഷ്ടപ്പെട്ടവര്‍ക്കും കേന്ദ്രമാനദണ്ഡമനുസരിച്ച് നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നഷ്ടപരിഹാരമാണ് സംസ്ഥാനം നല്‍കുന്നത്. പൂര്‍ണ്ണമായും നശിച്ച വീടുകള്‍ക്ക് സമതലങ്ങളില്‍ 95,100 രൂപയും മലയോരമേഖലയില്‍ 1,01,900 രൂപയും മാത്രമാണ് കേന്ദ്രം നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമിയില്ലെങ്കില്‍ പത്തുലക്ഷം രൂപ ലഭിക്കും.

വിളകളുടെ കാര്യത്തിലും സംസ്ഥാനം നല്‍കുന്ന നഷ്ടപരിഹാരം വളരെ വലുതാണ്. ഒരു ഏക്ര ഭൂമിയിലെ തെങ്ങ് കൃഷിക്ക് 18,000 രൂപ നല്‍കാനാണ് കേന്ദ്ര നിര്‍ദേശമെങ്കില്‍ സംസ്ഥാനം 1,19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് വിളകള്‍ക്കും ഇതുപോലെ വര്‍ദ്ധിച്ച തുകയാണ് സംസ്ഥാനം നല്‍കുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ 80 ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 787 കുടുംബങ്ങളിലായി 2,457 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

വീടുകളും സ്കൂളുകളും ആശുപത്രികളും മറ്റ് പൊതു സ്ഥാപനങ്ങളും നിര്‍മ്മിച്ചുനല്‍കാനും അറ്റകുറ്റപ്പണി നടത്താനും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സംഘടനകളും സന്നദ്ധത അറിയിക്കുന്നുണ്ട്. ഇവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്.

Top